സാരംഗി: ഒരു കാലാതീതസ്മൃതി

17/10/2012 13:45

സാന്‍ ആന്‍റോണിയോയിലെ നവാഗതര്‍ക്കറിയുമോ എന്നറിയില്ല സാരംഗി എന്ന വാനമ്പാടിയുടെ ജാതകം! അവള്‍ എന്നു എന്തിന് ജനിച്ചുവെന്നും അവളുടെ കര്‍മ്മ ലക്ഷ്യം എന്തായിരുന്നുവെന്നും ചിലര്‍ക്കെങ്കിലും അറിയാമായിരിക്കാം? അവള്‍ക്ക് ഇക്കഴിഞ്ഞ ചിങ്ങമാസത്തില്‍ വയസ് പതിനഞ്ച് തികഞ്ഞു. അതേ, കാത്തുനോറ്റിരുന്നു നമുക്ക് ജനിച്ച പ്രിയപ്പെട്ടവള്‍ക്ക് കൌമാരപ്രായമായെന്നര്‍ത്ഥം. അവളുടെ ജനനം സെപ്ടെംബര് 4,1998 പൊന്നും ചിങ്ങമാസത്തിലെ തിരുവോണനാള്‍ (മലയാളമാസം 1174 ചിങ്ങം നാലിന്). സാന്‍ ആന്‍റോണിയോ മലയാളികള്‍ തിരുവോണം കൊണ്ടാടിയ അക്കൊല്ലത്തെ ആ ദിവസം പൂക്കളത്തിന്‍റെ നടുവില്‍ നിലകൊണ്ട നിലവിളക്കില്‍ തിരി തെളിഞ്ഞു പ്രഭയുയര്‍ന്ന നിമിഷം നമുക്കായ് അവള്‍ പ്രത്യക്ഷയായി! നമുക്കൊരാരോമലായ്!

 

അന്ന് “കപിലന്‍“ അവളുടെ നെറുകയില്‍ സിന്ദൂരരേഖയില്‍ എഴുതിയ വരികള്‍ ഈവിധമായിരുന്നു. “കൈരളിയുടെ തന്‍മയത്വം വരദാനമായി കാത്തുസൂക്ഷിക്കാന്‍ ജഗദ്നാഥന്‍ നിന്നെ ഞങ്ങള്‍ക്കേകി. സാന്‍ ആന്‍റോണിയോ മലയാളികളുടെ ഹൃദയസ്പന്ദനങ്ങള്‍ക്ക് തന്‍മയത്വത്തിന്റേയും ഒത്തൊരുമയുടേയും നിറക്കൂട്ട് പകരാന്‍ പിറന്ന കിലുക്കാംപെട്ടിയാണ് നീ. നിന്നെ മന്വന്തരങ്ങള്‍ കാണും, തോലോലിക്കും, ആസ്വദിക്കും, ഓര്‍മ്മിക്കും”.

 

സഹൃദയരായ നമ്മള്‍ അവള്‍ക്ക് നമ്മുടെ തൂലികകളില്‍ നിന്നുണര്‍ന്ന മുത്തുമണികളായ പദങ്ങള്‍ കൊണ്ട് പാദസരമണിയിച്ചു. നിശബ്ദത തളം കെട്ടി നിന്നിരുന്ന നമ്മുടെ മനസ്സിന്‍റെ ഇടനാഴിയില്‍ അവള്‍ ഒരു കിലുക്കാംപെട്ടിയായി മാറി.. സാരഥികളായ നമ്മള്‍ ഉതിര്‍ത്ത കൈപ്പടയുടെ ഹൃദയമിടിപ്പുകളില്‍ അവള്‍ തംബുരു മീട്ടി.. ഇത്രയും അന്ന് കപിലന്‍ അഭിലഷിച്ച തത്വമസി പ്രവര്‍ത്തികമായതിന്റെ നുറുങ്ങുസ്മൃതികള്‍. പിന്നീടുള്ള ആറുവര്‍ഷക്കാലം നമ്മുടെ മനസ്സില്‍ തത്തിക്കളിച്ചു കുളിര്‍മ്മ പകര്‍ന്ന നമ്മുടെ സാരംഗി ഈ ബ്ളോഗിലൂടെ ഒരു പുനര്‍ജനനി ആവുകയാണോ എങ്കില്‍ ഈ കപിലന്‍ ചാരിതാര്‍ത്ഥ്യനായി. കപിലനെന്ന ഈ പ്രവാസി പ്രാണന്‍റെ ഒരു ഔമുഖ്യം കൂടി..... കല്‍പ്പാന്തകാലത്തോളം മാനവരാശിക്ക് ഓര്‍മ്മയില്‍ തോലോലിക്കാന്‍ ഈ പുനരുദ്യമം ഒരുത്തമ മഷിത്തണ്ടിന്റെ ആരംഭമാവട്ടെ എന്ന ആശംസയും അഭിലാഷവും........

 

-കപിലന്‍-